രാജ്യം ഇന്ന് 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ ദേശീയപതാക ഉയർത്തി പതിവുപോലെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും സ്വയം ഭരിക്കാൻ രാജ്യത്തിന് അതിന്റേതായ നിയമം ആവശ്യമായിരുന്നു. ഡോ. ബി.ആർ. അംബേദ്കർ അധ്യക്ഷനായ 238 അംഗങ്ങളുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഏകദേശം മൂന്നു വർഷത്തോളം സമർപ്പിതമായ മനസോടെ രാജ്യത്തിന്റെ ഭാവി അഖണ്ഡമായി സംരക്ഷിക്കപ്പെടണം എന്ന നിർവ്യാജമായ ആഗ്രഹത്തോടെ തലനാരിഴ കീറി വൈവിധ്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഏകതയെ നിലനിർത്തിക്കൊണ്ട് എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കിക്കൊണ്ട് പിറവികൊടുത്ത വിശുദ്ധ പുസ്തകമാണ് ഇന്ത്യൻ ഭരണഘടന. 1,17,369 വാക്കുകൾ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന.
"വി ദ പീപ്പിൾ ഓഫ് ഇന്ത്യ' എന്ന ഒറ്റ പ്രയോഗംകൊണ്ട് നമ്മൾ ഇന്ത്യയിലെ ജനതയാണ് പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക് കെട്ടിപ്പടുത്തത് എന്ന് ഇന്ത്യൻ ഭരണഘടന സാഭിമാനം പ്രഘോഷിക്കുന്നു. ഓരോ റിപ്പബ്ലിക് ദിനവും നാം നേടിയെടുത്ത അഭിമാനകരമായ നേട്ടങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടംകൂടിയാണ്.
142.87 കോടി വരുന്ന, ലോകത്തെ ഒന്നാമത്തെ ജനസംഖ്യയുമായി നമ്മൾ ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്ന് സ്വയം തിരിച്ചറിഞ്ഞ് ലോകത്തോട് വിളിച്ചുപറയുന്ന ദിവസംകൂടിയാണത്. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ രാഷ്ട്രപതിഭവനും ഇന്ത്യാ ഗേറ്റിനുമിടയിലുള്ള കർത്തവ്യ പഥ് ഇന്ന് വീണ്ടും റിപ്പബ്ലിക് ദിന പരേഡിനു സാക്ഷ്യംവഹിക്കും. കഴിഞ്ഞവർഷത്തെ റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പിൽ എൻഎസ്എസ് കേരള-ലക്ഷദ്വീപ് റീജണെ പ്രതിനിധീകരിച്ച് കണ്ടിൻജൻഡ് ലീഡറായി പങ്കെടുക്കാൻ കഴിഞ്ഞത് വലിയ അഭിമാനമായി കാണുന്നു.
രാജ്യത്തിന്റെ സൈനികശക്തിയുടെ മാത്രമല്ല, അതിന്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിന്റെയും പൈതൃകത്തിന്റെയുംകൂടി ആഘോഷമാണ് റിപ്പബ്ലിക് ദിന പരേഡ്. മാർച്ചിംഗ് ബാൻഡുകൾ, ടാങ്കുകൾ, മിസൈലുകൾ എന്നിവയിലൂടെ സൈന്യം ശക്തി പ്രകടിപ്പിക്കുമ്പോൾ വിവിധ സംസ്ഥാനങ്ങൾ അവരുടെ പരമ്പരാഗത വസ്ത്രങ്ങൾ, നൃത്തങ്ങൾ, തനത് മികവുകൾ തുടങ്ങിയവ വർണാഭമായ ഫ്ളോട്ടുകളിലൂടെ അവതരിപ്പിക്കുന്നു.
28 സംസ്ഥാനങ്ങളിൽനിന്നും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പല നിലയിലെ പരിശീലന ക്യാമ്പുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറോളം വോളന്റിയേഴ്സ് ഡൽഹിയിലെ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഒരു മാസത്തെ കഠിന പരിശീലനത്തിനു ശേഷമാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത്.
സ്വാതന്ത്ര്യലബ്ധിക്കു മുക്കാൽ നൂറ്റാണ്ടിനിപ്പുറം ഒരു പോറൽപോലും ഏൽക്കാതെ ഈ രാജ്യം നിലനിൽക്കുന്നതിന് അതിന്റെ സൈന്യബലം മാത്രമല്ല കാരണം; ഒരു സർവാധികാരിക്കോ സ്വേച്ഛാധിപതിക്കോ ഇടം കൊടുക്കാതെ ജനങ്ങളാൽ ജനം ഭരിക്കപ്പെടുന്ന പരമോന്നത റിപ്പബ്ലിക് ഭരണസംവിധാനമാണ് ഈ കെട്ടുറപ്പിന്റെ ഭദ്രത രാജ്യത്തിനു സമ്മാനിക്കുന്നത്. ഈ കെട്ടുറപ്പിന്റെയും അച്ചടക്കത്തിന്റെയും ഏകതയുടെയും ഒപ്പം വൈവിധ്യത്തിന്റെ ശക്തിയും സൗന്ദര്യവുമാണ് ഇന്നത്തെ ആഘോഷ പരിപാടിയിൽ പ്രകടമാകുന്നത്.
എൺപതു വർഷങ്ങൾക്കു മുമ്പ് ദരിദ്രദശലക്ഷങ്ങളുമായി അനിശ്ചിതത്വത്തിലേക്കും വിഭജനത്തിന്റെ മുറിവുകളിലേക്കും പിറന്നുവീണ ഒരു രാജ്യം. ഇന്ത്യക്ക് അധികാരം കൈമാറുമ്പോൾ ചുരുങ്ങിയ കാലത്തിനുള്ളിൽ സ്വയം പിടിച്ചുനിൽക്കാനാവാതെ ഈ രാജ്യം തകരുമെന്നും തങ്ങളെത്തന്നെ തിരിച്ചുവിളിച്ച് അധികാരം ഏൽപിക്കുമെന്നുംപോലും ബ്രിട്ടീഷുകാർ കരുതിയിരുന്നു. ഒരുമിച്ചു നിൽക്കാൻ കഴിയില്ലെന്നു തോന്നിപ്പിക്കും വിധത്തിൽ അത്രയേറെ വൈവിധ്യങ്ങളുടെ നാടാണല്ലോ ഇന്ത്യ.
വ്യത്യസ്ത ഭാഷകൾ, വ്യത്യസ്ത ഭക്ഷണരീതികൾ, വ്യത്യസ്ത വേഷങ്ങൾ, വ്യത്യസ്ത ഭൂപ്രകൃതികൾ, വ്യത്യസ്ത മാനസികാവസ്ഥകൾ, വ്യത്യസ്ത കാഴ്ചപ്പാടുകൾ, വ്യത്യസ്ത വിശ്വാസങ്ങൾ... എന്നാൽ ഈ വൈവിധ്യങ്ങൾ വൈരുധ്യങ്ങൾ അല്ലെന്നും നാനാത്വത്തിലെ ഏകത്വമാണ് അതിന്റെ ശക്തിയും സൗന്ദര്യവും എന്നും തെളിയിക്കാൻ പ്രാപ്തരായിരുന്നു ഇന്ത്യയുടെ ആദ്യകാല ദേശീയ ശില്പികൾ എന്ന് ഈ രാജ്യം തെളിയിച്ചു.
ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ നമുക്കുണ്ടായിരുന്നത് നാലു ലക്ഷം കിലോമീറ്റർ റോഡുകളാണെങ്കിൽ ഇന്നത് 62 ലക്ഷത്തിലധികം കിലോമീറ്റർ ആണ്. റോഡ് വലിപ്പത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ളത്. റെയിൽവേ റൂട്ട് 67,368 കിലോമീറ്റർ. ഏക സംവിധാനത്തിന്റെ കീഴിൽ ഇത്ര ദൈർഘ്യമുള്ള റെയിൽവേ ലോകത്തിലെ രണ്ടാമതും ഏഷ്യയിലെ ഒന്നാമതും ആണ്. ഇന്ത്യൻ സംസ്ഥാനങ്ങളെയും വടക്കൻ സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ്, റെയിൽ മാർഗങ്ങളില്ലാതെ ഇവയ്ക്ക് തനിച്ച് ഒരു അസ്തിത്വം അസാധ്യമാണ്. ഭൂമിശാസ്ത്രപരമായി നദികളും മലകളും പോലും ഈ കോർത്തിണക്കലിൽ പങ്കുവഹിക്കുന്നു.
ഇന്ത്യ ഇന്ന് സ്വന്തമാക്കിയിട്ടുള്ള അഭിമാനാർഹമായ നേട്ടങ്ങളൊന്നും അഞ്ചോ പത്തോ വർഷംകൊണ്ട് നേടിയതല്ല. അകൈതവമായ ആത്മതേജസുകൊണ്ട് ലോകനേതാക്കളെ നമ്രശിരസ്കരാക്കിയ ഒരു മഹാത്മാവിന്റെയും, ജാതീയതയുടെ കനൽ അനുഭവങ്ങളിൽ മനസു പൊള്ളിയ ഒരു മഹാമനീഷിയുടെയും, സ്വന്തം അധികാരമുറപ്പിക്കലിന് അപ്പുറത്ത് രാജ്യത്തിന്റെ പരമാധികാരവും വർഗ-വർണ-ലിംഗ വ്യത്യാസങ്ങൾക്കപ്പുറത്ത് ജനനന്മയും സുസ്ഥിതിയും ഊണിലും ഉറക്കത്തിലും സ്വപ്നം കണ്ട രാഷ്ട്രതന്ത്രജ്ഞരുടെയും അജയ്യമായ പ്രതിഭയുടെയും പ്രജ്ഞയുടെയും ആശീർവാദത്തിൽ ഉയിർകൊണ്ട നാടാണിത്.
ഈ രാജ്യം ഏതെങ്കിലുമൊക്കെ കോർപറേറ്റ് ഭീമന്മാർക്ക് വിഴുങ്ങാൻ അനുവദിക്കപ്പെടാവുന്നതല്ല. ഇനിയും ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും അനീതിയുടെയും കരാളഹസ്തങ്ങളിൽനിന്നുള്ള അതിന്റെ വിമോചനം തുടരേണ്ടതാണ്. അതിന് നമ്മുടെ രാഷ്ട്രശില്പികൾ അവരുടെ രക്തത്തിൽ ഉറപ്പിച്ച ആധാരശിലയ്ക്ക് ഇളക്കം തട്ടാൻ പാടുള്ളതല്ല. അതിൽ ചവിട്ടി നിന്നുകൊണ്ടു വേണം ഇന്ത്യയുടെ ഓരോ കുതിപ്പും.